സ്ഥാപന ചരിത്രം

മേപ്പയ്യൂര്‍- നാമപരിണാമത്തെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേർന്നത് പയ്യൂരിൽ. പയ്യോർ മലയുടെ പ്രധാന ഭാഗമായിരുന്നു പയ്യൂരെന്നും അതിൽ നിന്ന് പരിണമിച്ചാണ് മേപ്പ യൂരെന്നും വിശ്വസിക്കുന്നതിൽ തെറ്റില്ല. മേപ്പയ്യൂർ ടൗൺ വെങ്കപ്പാറപൊയിൽ എന്ന പേരിലും അറിയപ്പെട്ടു.

 

പയ്യോർമലയിൽപ്പെട്ട പാലേരി, ചെറുവണ്ണൂർ, മേപ്പയ്യൂർ, പേരാമ്പ്ര, കായണ്ണ കാരയാട്, ഇരിങ്ങത്ത് എന്നിവ പാലേരിയിലെ അവിഞ്ഞാട്ട് കൂത്താളി നായന്മാരുടെ കീഴിലായിരുന്നു (പയ്യോർ നായന്മാർ) പയ്യോർ മലനാട് അവിടെ ഭരണാധികാരിക്ക് 'പയ്യോർമല കോ തേരാമൻ' എന്ന ബിരുദമുണ്ടായിരുന്നു. ഇവർ സ്വതന്ത്രരായ നാടുവാഴികളായിരുന്നു. കുറുമ്പ്രനാട് രാജവംശത്തോടും സാമൂതിരിയോടുമുള്ള ഇവരുടെ ആശ്രിതത്വം നാമമാത്രമായിരുന്നു.

 

ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പഴയ കുറുമ്പ്രനാട് താലൂക്ക് ബ്രിട്ടീഷുകാർ ഈ താലൂക്ക് രൂപീകരിക്കുന്നതിന് മുമ്പും കുറുമ്പ്രനാട് എന്ന പേരിൽ ഒരു രാജഭരണ പ്രദേശം ഇവിടെ നില നിന്നിരുന്നതായി ലോഗന്റെ മലബാർ മാന്വലിൽ (പേജ് 697) കാണാം. കുറു - മ്പ്രനാട് രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കോട്ടൂർ, തൃക്കുറ്റിശ്ശേരി, നടുവണ്ണൂർ, കാവുന്തറ, ഇയ്യോട്, പനങ്ങാട്, നെടിയനാട്,  കിഴക്കോട്ട്, മടവൂർ എന്നീ അംശങ്ങൾ ചേർന്നതായിരുന്നു. കുറുമ്പ്രനാട് രാജവംശത്തിന്റെ അധികാര പരിധി ബാലുശ്ശേരിക്കടുത്തുള്ള കിഴക്കേടത്ത് കോവിലകത്തെ  തമ്പുരാനായിരിക്കണം കുറുമ്പ്രനാട് രാജവംശത്തിലെ ഭരണാധികാരി എന്ന് കരുതുന്നതിൽ തെറ്റില്ല. ഉത്തര അക്ഷാംശം 11 ഡിഗ്രി  34 മിനിട്ടും പൂർവ്വ രേഖാംശം 75 ഡിഗ്രി 44 മിനിട്ടും കേന്ദ്രമായി മേപ്പയ്യൂർ പഞ്ചായത്ത് പ്രദേശം കടൽ വിതാനത്തിൽ നിന്നും 36 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു

വിസ്തൃതിയിൽ അമർന്ന വെങ്കപ്പാറ പൊയിൽ

 

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം വെങ്കപ്പാറ പൊയിൽ എന്ന മേപ്പയ്യൂർ ടൗൺ ആണ്. കായലാട്, മേപ്പയ്യൂർ പ്രദേശങ്ങളിലാണ് ടൗൺ സ്ഥിതി ചെയ്യുന്നത്. മേപ്പയ്യൂർ എന്ന പേരിന്റെ രൂപീകരണം പയ്യോർമലയുമായി ബന്ധപ്പെട്ടതാണെങ്കിൽ വെങ്കപ്പാറപൊയിൽ എന്ന സ്ഥലനാമവും കൂടുതൽ പഠനം ആവശ്യപ്പെടുന്നു.

 

പുരാണ പുരുഷനായ ബകനുമായി ബന്ധപ്പെടുത്തി ഒരു വാമൊഴി കഥ നിലനിൽക്കുന്നു. ബകൻപാറ എന്നത് പരിണമിച്ച് വെങ്കപ്പാറയായി എന്നതാണ് ഈ മിത്തുമായി ബന്ധപ്പെട്ട വാദം. എന്നാൽ വെങ്കല്ല് (വെളുത്തകല്ല്) സുലഭമായതിനാൽ വെങ്കൽപ്പാറ എന്ന പ്രയോഗം വെങ്കപ്പാറയായി എന്ന വാദമാണ് യുക്തി സഹമായി പരിഗണക്കപ്പെടുന്നത്. വെങ്കപ്പാറയുള്ള സ്ഥലത്തിന്റെ കീഴ്ഭാഗം (കുനിപ്രദേശം, കൊല്ലി) എന്ന അർഥത്തിലാണ് വെങ്കപ്പാറ പൊയിൽ എന്ന പ്രയോഗത്തിന്റെ സാംഗത്യം.

 

പഞ്ചായത്ത് രൂപീകരണം

 

മേപ്പയ്യൂർ, കൊഴുക്കല്ലൂർ എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പത്തുദേശങ്ങൾ ഉൾക്കൊള്ളുന്നു. 1960-ലെ കേരള പഞ്ചായത്ത് ആക്ട് അനുസരിച്ച് 1963ൽ ആണ് ഇപ്പോഴത്തെ മേപ്പയ്യൂർ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഇതിനുമുമ്പ് മേപ്പയ്യൂർ കീഴ്പ്പയ്യൂർ ചങ്ങരംവെള്ളി കായലാട് ദേശങ്ങള്‍ മേപ്പയ്യൂർ പഞ്ചായത്ത്, നരക്കോട് നിടുമ്പൊയിൽ, ചാവട്ട് കൊഴുക്കല്ലൂർ ദേശങ്ങൾ കൊഴുക്കല്ലൂർ പഞ്ചായത്ത് എളമ്പിലാട്, വിളയാട്ടൂർ ദേശങ്ങൾ, വിളയാട്ടൂർ പഞ്ചായത്ത് എന്നിങ്ങനെയായിരുന്നു നിലവിലുണ്ടായിരുന്ന ഗ്രാമഭരണ സംവിധാനം.

ആദ്യകാലത്ത് ചെറുവത്ത് എടവട്ടാട്ട് അപ്പുക്കുട്ടി നമ്പ്യാരുടെ പടിപ്പുരയായിരുന്നു. പിന്നീട് ഐരാണിതറമൽ കോൺഗ്രസ് സുവർണജൂബിലി വായനശാല കെട്ടിടത്തിലാണ് മേപ്പയ്യൂർ പഞ്ചായത്തിന്റെ ആസ്ഥാനം പ്രവർത്തിച്ചത്. ഈ വായനശാല കെട്ടിടം പട്ടിണിയോ, പാരതന്ത്ര്യമോ എന്ന നാടകം ടിക്കറ്റ് വെച്ച് അവതരിപ്പിച്ച് കിട്ടിയകാശുകൊണ്ട് സ്ഥലം വാങ്ങി നിർമ്മിച്ചതാണ്. നാടകം സംവിധാനം ചെയ്തത് ഇ. രാമൻ മാസ്റ്റർ ആയിരുന്നു.

 

സംയോജിത മേപ്പയ്യൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ശ്രീ. എം.കെ. ചാപ്പൻ നായർ ആയിരുന്നു. 5 ജനറൽ സീറ്റുകളും രണ്ടു സംവരണ സീറ്റുകളും (വനിതാ 1 ഹരിജൻ 1) ഉൾപ്പെടെ ഏഴ് പേരായിരുന്നു ഭരണസമിതി. ഇതിൽ സംവരണ സീറ്റുകളിലേക്ക് നോമിനേറ്റ് ചെയ്യുന്ന സംവിധാനമായിരുന്നു നില നിന്നത്.

മുമ്പേ നടനന്നവർ

 കാർഷികജന്യമായ സംസ്കൃതിയാണ് ഈ ഗ്രാമത്തിന്റേത്. കാർഷിക ബന്ധ ത്തിലധിഷ്ഠിതമായ സാമൂഹ്യക്രമമായിരുന്നു നിലനിന്നത്. ഭൂവുടമസ്ഥതയില്ലാത്ത കർഷകകൂട്ടങ്ങളായിരുന്നു സമ്പദ്ഘടനയുടെ നട്ടെല്ലായി വർത്തിച്ചത്. വിരലിലൊതുങ്ങുന്ന വൻ പ്രമാണിമാരുടെ കൈയ്യിലായിരുന്നു ഈ ഗ്രാമത്തിലെ ഭൂസ്വത്തു മുഴുവനും. കാട്ടു മാടം നമ്പൂതിരി (പൊന്നാനി) ഇതിൽ പ്രധാനിയായിരുന്നു.

 

പഞ്ചായത്തിലെ ഭൂസംബന്ധിയായ പ്രശ്നങ്ങളും ഭരണനിർവ്വഹണവും ഇട ജന്മികളാണ് കൈകാര്യം ചെയ്തത്. ഇടജന്മികളിൽ പ്രധാനികൾ നെരവത്ത്, ചെരുവറ്റ, എടവത്തേരി, പുത്തലത്ത്, അന്തോളിക്കണ്ടി, ചെറുവട്ടാട്ട്, പട്ടോന, മേപ്പയ്യൂരിലെ തിരുമംഗലത്ത് എന്നിവരാണ്.

 

ജന്മിമാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാന്യതയും സാമൂഹ്യാംഗീകാരവും കൽപ്പിച്ചു നൽകപ്പെട്ടിരുന്നു. ജന്മിമാരുടെ ആശ്രിതത്വവും വിശ്വാസ്യതയും കൈക്കാര്യക്കാരൻ, തണ്ടാൻ പദവികൾ ലഭിക്കുന്നതിന് അവശ്യഘടമായിരുന്നു ഭൂസ്വത്തിന്റെ കൈവശാവകാശവും ഭൂവിനിയോഗത്തിന്റേയും കൈമാറ്റത്തിന്റേയും സ്വ ഭാവവും പരിശോധിക്കുമ്പോൾ പഞ്ചായത്തിൽ നിലനിന്ന ജന്മി-കുടിയാൻ ബന്ധത്തിന്റെ വ്യാപ്തി മനസ്സിലാകും.

 

അതിശക്തമായ ഒരു ഭരണക്രമമായി തന്നെയായിരുന്നു ജന്മിത്വത്തിന്റെ നിലനിൽപ്പ്. അംശാധികാരികൾ ജന്മിതാൽപ്പര്യ സംരക്ഷണം ഉറപ്പുവരുത്തി. അധികാരവും സാമൂഹികമായ പദവിയും ഒരുമിച്ചുചേർന്നപ്പോൾ സ്വാഭാവികമായും അതെത്തിച്ചേർന്നത് അതിസങ്കീർണ്ണമായ സാമൂഹ്യവിപത്തുകളിക്കോണ്.

ഹരിജനങ്ങൾ, പിന്നോക്കവിഭാഗങ്ങൾ ഉൾപ്പെടെ അവർണ്ണജാതിക്കാർ, ഭൂരഹിത മുസ്ലിം ജനസമാന്യം ഇവരായിരുന്നു ഈ പഞ്ചായത്തിന്റെ ജനസമ്പത്ത്. കൊടിയപീഢനങ്ങൾക്ക് വിധേയമാക്കപ്പെട്ടവരായിരുന്നു ഈ ജനവിഭാഗം.

 

ജന്മിത്വത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത അധികാരം, സാമൂഹ്യമായ ഉച്ചനീചത്വങ്ങൾക്ക് വഴിവെച്ചു. അയിത്തം സാമൂഹ്യവ്യവഹാരത്തിന്റെ അടിസ്ഥാന പ്രമാണമായിതന്നെ രൂപപ്പെട്ടു. വാരകളുടെ അകലത്തിൽ മാറ്റിനിർത്തപ്പെട്ടവരായി മാറി അവർണ്ണജാതിക്കാർ. കർഷകതൊഴിലാളികളും ഭൂരഹിത കർഷകരും ഉൾപ്പെടുന്ന വലിയ ജനസഞ്ചയത്തെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നതിന് കൂടി അയിത്തവും തജ്ജന്യ പാർശ്വവ്യ വഹാരങ്ങൾക്കുമിടയാക്കി.

പരിഷ്കൃത മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്ത ഈ സാമൂഹ്യവ്യവഹാര ങ്ങൾക്കെതിരെ ചെറുത്തുനിൽപ് രൂപപ്പെടുന്നത് ദേശീയ പ്രക്ഷോഭത്തിന്റെ ആവിർഭാവത്തോടുകൂടിയാണ്.

 

മാറ്റത്തിന്റെ കാഹളം

 

1920-കളുടെ അവസാനമാണ് മേപ്പയ്യൂരിൽ ദേശീയ സമരത്തിന് സംഘടനാപരമായ രൂപം കൈവരുന്നത്. അയിത്തവിരുദ്ധ പ്രക്ഷോഭം ഹിന്ദി പഠന ക്ലാസ്, വയോജനവിദ്യാഭ്യാസം ഇവ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. കോൺഗ്രസ് ഘടകങ്ങൾ ഏകോപിതമല്ലാത്ത രൂപത്തിൽ ആണെങ്കിലും രൂപീകരിക്കപ്പെട്ടു. കൊഴുക്കല്ലൂരിൽ പൂഞ്ചോല നാരായണൻനായർ പ്രസിഡണ്ടും തെക്കേ ചെന്തീരടി മാധവ വാരിയർ സെക്രട്ടറിയുമായി കമ്മിറ്റി നിലവിൽ വന്നു. വിളയാട്ടൂരിൽ 1935ൽ വി.കെ. നാരായണൻ നമ്പ്യാർ കുഞ്ഞികൃഷ്ണൻ നായർ എന്നിവരായിരുന്നു കോൺഗ്രസ് വക്താക്കൾ. മേപ്പയ്യൂരിൽ മാത്തുംഭാഗം പ്രദേശം കേന്ദ്രീകരിച്ച് ദേശീയ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടു. ഇ.സി. അപ്പു നമ്പ്യാർ നാഗത്തിങ്കൽ കുഞ്ഞിരാമൻ നായർ, പി. കെ. കൃഷ്ണൻ നായർ, ആച്ചിക്കുളങ്ങര ഉക്കാരൻ നമ്പ്യാർ, പി.ടി. ഗോപാലൻ നമ്പ്യാർ, കെ.ടി. കുഞ്ഞിരാമൻ നായർ എന്നിവർ നേതൃനിരയിൽ തിളങ്ങി.

 

1930-ൽ ഉപ്പുകുറുക്കൽ സമരത്തിന്റെ ഭാഗമായി പള്ളിക്കരയിലെ ഇ.പി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ജാഥക്ക് മേപ്പയ്യൂരിലും നരക്കോട്ടും നൽകിയ സ്വീകരണം പ്രാധാന്യമർഹിക്കുന്നു. നരക്കോട് കേന്ദ്രത്തിൽ ആവേശഭരിതരായ മൂന്നുപേർ മലമൽമുണ്ട് കത്തിച്ചുകൊണ്ട് പ്രതികരിച്ചു. ഈ ജാഥക്ക് ശേഷമാണ് ഇ.സി. അപ്പുനമ്പ്യാർ ദേശീയ പ്രസ്ഥാനത്തിന്റെ സജീവ വക്താവായി മാറുന്നത്.

 

മഠത്തുംഭാഗത്ത് വാകയാട്ടില്ലത്തെ പീടികമുകളിൽ ഇ.സി. അപ്പുനമ്പ്യാർ തെക്കെ കൊപ്പാരത്ത് ഗോപാലൻ നായർ നാഗത്തിങ്കൽ കുഞ്ഞിരാമൻ നായർ, ദാമോദരൻ എമ്പ്രാതിരി, വാകയാട്ടില്ലത്ത് കുഞ്ഞികൃഷ്ണൻ എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിലും കൊഴുക്കല്ലൂരിൽ പുഷ്പോത്ത് നമ്പീശന്റെ നേതൃത്വത്തിലും നടന്ന നൂൽനൂൽപ് എടുത്തു പറയത്തക്കത്താണ്. ഈ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് ഇ.സി. അപ്പുനമ്പ്യാർ തെക്കെ കൊപ്പാരത്ത് ഗോപാലൻ നായർ എന്നിവരെ പോലീസ് അറസ്റ്റുചെയ്ത് ക്രൂരമായ മർദനങ്ങൾക്ക് വിധേയമാക്കുകയുണ്ടായി. കൊഴുക്കല്ലൂരിലും നിടുമ്പൊയിലിലും നടന്ന വയോജന വിദ്യാഭ്യാസ ക്ലാസ്സുകൾ ദേശീയ പ്രസ്ഥാനത്തിന് മുതൽകൂട്ടായി.

 

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദി പഠന ക്ലാസ് ദേശീയ സമരത്തിന്റെ ഭാഗമായി നടന്നു. എം.കെ. കേളു ഏട്ടന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയത് നാഗത്തിങ്കൽ കുഞ്ഞിരമാൻ നായർ, വാകയാട്ടില്ലത്ത് ദാമോദരൻ എമ്പ്രാന്തിരി എന്നിവരായിരുന്നു.

 

അവർണ്ണ സ്ത്രീകളുടെ മാറുമറയ്ക്കലും സവർണ്ണേതര വിഭാഗക്കാരുടെ അസ്തിത്വ സ്ഥാപനവും ഒരു പ്രശ്നമായിരുന്നു. ഹിന്ദി ക്ലാസുമായി ബന്ധപ്പെട്ട പ്പവർത്തനത്തിനിടയ്ക്ക് ഈ ദു:സ്ഥിതിക്കെതിരെ എം കെ കേളു ഏട്ടന്റെ ഇടപെടൽ പ്രധാനമായിരുന്നു

നാടു പ്രമാണിമാരോടൊപ്പം നടന്നുരുമ്പോൾ കേളു ഏട്ടനനുഭവപ്പെട്ട ഒരു സംഭവം ശ്രദ്ധേയമാണ്. വഴിനടന്നു വരുമ്പോൾ മുമ്പിൽപെട്ട ഈഴവ സ്ത്രീ മാറുമറച്ച മുണ്ടെടുത്തുമാറ്റി ബഹുമാനം കാണിച്ചപ്പോൾ 'ഇത് അപമാനിക്കലാണ്; മാറുമറച്ചാണ്; മാറുമറച്ചാണ് ബഹു മാനിക്കുക' എന്ന കേളുഏട്ടന്റെ മറുപടി പ്രമാണിമാരുടെ എതിർപ്പിനിടയാക്കി. ഹിന്ദിപ്രചാരണം നിർത്താൻ കേളു ഏട്ടനോട് ആവശ്യപ്പെടുന്നതുവരെ കാര്യങ്ങളെത്തി. എന്നാൽ അയിത്തത്തിനെതിരായ അതിരൂക്ഷമായ ഒരു പോരാട്ടത്തിലേക്ക് ആവശ്യമായ ഊർജ്ജം സംഭരിക്കുന്നതിന് ഈ സംഭവം ഇടയാക്കി. അതിന്റെ പരിണിതഫലമെന്ന നിലയിൽ വികാസം പ്രാപിച്ചതാണ് കണ്ഠമനഃശാല മഠത്തിലെ കുളി എന്നുപറയാം.

 

1939-ൽ കേളപ്പജി പങ്കെടുത്ത അയിത്തോച്ഛാടന സമ്മേളനം നരക്കോട് നടന്നു. ഡോ. കുട്ടി ആയിരുന്നു അധ്യക്ഷൻ. ഈ സമ്മേളന തീരുമാനപ്രകാരമാണ് രണ്ടു പുലയക്കുട്ടികൾ ആദ്യ മായി കൊഴുക്കല്ലൂർ എ.ൽപി. സ്കൂളിൽ ചേർക്കപ്പെടുന്നത്.

കൊഴുക്കല്ലൂർ ക്ഷേത്രത്തിൽ ശാന്തിക്കാരായി വന്ന് ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറിയ ഈശ്വരൻ എമ്പ്രാന്തിരി, എബ്രാന്തിരിയുടെ സഹോദരൻ എന്നിവർ പരാമർശമർഹിക്കുന്നു. ഇതിൽ ഈശ്വരൻ എമ്പ്രാന്തിരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് കുത്തിക്കൽ സമരത്തിൽ പങ്കെടുത്തവരിൽ പ്രമുഖനാണ് കൊഴുക്കല്ലൂരിലെ പുഷ്പോത്ത് കൃഷ്ണൻ നമ്പീശൻ. പ്രസ്തുത കേസിൽ നിന്ന് ശ്രദ്ധതിരിക്കുന്ന തിന് വേണ്ടി കൊഴുക്കല്ലൂരിൽ മാത്രം നികുതി നിഷേധ സമരം പ്ലാൻ ചെയ്യുകയായിരുന്നു ചെയതത്. ഇതിനുവേണ്ടി കുരുടിമുക്കിൽ നിന്ന് തുടങ്ങിയ കോൺഗ്രസ് ജാഥയെ കീഴരിയൂരിൽ വെച്ച് പോലീസ് തടയുകയും കൃഷ്ണൻ നമ്പീശനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

 

ഈ കാലഘട്ടത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലെ ദേശീയ പ്രക്ഷോഭകരിൽ പ്രധാനികൾ ഇ.സി. അപ്പു നമ്പ്യാർ, ടി.സി. ചാത്തു, പുഷ്പാത്ത് കൃഷ്ണൻ നമ്പീശൻ, വി കെ ഗോപാലൻ വൈദ്യർ (കൊഴുക്കല്ലൂർ) തെക്കെ കൊപ്പാരത്ത് ഗോപാലൻ നായർ, ആച്ചി ക്കുളങ്ങര ഉക്കാരൻ നമ്പ്യാർ, പി.ടി. ഗോപാലൻ നമ്പ്യാർ, പി.കെ.കൃഷ്ണൻ നായർ, പി.കെ. നാരായണൻ കിടാവ് തുടങ്ങിയവരാണ്.

 

കാട്ടുമാടം: ജ്വലിക്കുന്ന ഓർമ്മ

 

പൊന്നാനി കേന്ദ്രമായി മലബാർ മുഴുക്കെ ഭൂവുടമത്വവും ആത്മീയനേതൃത്വവുമുള്ള കാട്ടുമാടം വകയായി 366 മഠങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്നു. അതിലുൾപ്പെടുന്നതാണ് മേപ്പയ്യൂർ ദേശത്തിലെ - ശ്രീകണ്ഠമനശാലമഠവും, കാട്ടുമാവും. മലബാറിലെ ഫ്യൂഡൽ രാജാവായ കാട്ടുമാടത്തിന്റെ അധികാരം ചോദ്യം ചെയ്യുകയായിരുന്നു ഈ മുദ്രാവാക്യത്തിലൂടെ.

ജന്മിത്വം സകലപ്രതാപത്തോടും നിലനിന്ന പ്രദേശമായിരുന്നു കണ്ഠമനഃശാലക്ക് ചുറ്റുമുള്ള പ്രദേശം. അയിത്തവും ഭൂപ്രഭുത്വത്തിന്റെ കെടുതികളും ബീഭത്സരൂപത്തിൽ ഇവിടെ അനുഭവഭേദ്യമായിരുന്നു. പലപ്പോഴും സവർണ്ണജാതിക്കാരായ മാരാർ, നായർ പ്രമാണിമാരുടെ അധീനതയിലായിരുന്നു. ഇവിടെ സാമൂഹ്യ ജീവിതക്രമം വാണിയർ, തിയ്യർ എന്നിവരായിരുന്നു മറ്റു പ്രബല ജനവിഭാഗം. ഹരിജനങ്ങൾ, ബ്രാഹ്മണർ,ആശാരിമാർ എന്നിവർ എണ്ണത്തിൽ കുറവായിരുന്നു.

 

മാനുഷികതയുടെ സജീവമായ സാംസ്കാരിക ബോധം അയിത്തത്തെ വെല്ലുവിളിക്കുന്നതിന് കർഷക പ്രസ്ഥാനത്തെ പ്രേരിപ്പിച്ചു. കാട്ടുമാടം വക ശ്രീകണ്ഠ മനഃശാല ക്ഷേത്രത്തിൽ വി ലക്കുലംഘിച്ചു കുളിക്കുന്നതിന് കർഷക സംഘം തീരുമാനിച്ചു.

 

ഇ. രാമൻ മാസ്റ്റർ, ടി.സി. ചാത്തു, തയ്യുള്ളതിൽ അപ്പു, ഏരത്തുകണ്ടി കണ്ണൻ, എളമ്പിലാശ്ശേരിപൊയിൽ (കുഞ്ഞിക്കണ്ട നാരായണൻ, പോവതികണ്ടി കോരൻ, കോമത്തുകണ്ടിയിൽ ചെക്കോട്ടി, വള്ളുപറമ്പിൽ കോരൻ, കുണ്ടങ്ങാട്ട് ചന്തു ആശാരി, എ. കേളപ്പൻ നൊച്ചാട്, പി.ടി. ഗോപാലൻ നമ്പ്യാർ, ആച്ചിക്കുളങ്ങര ഉക്കാരൻ നമ്പ്യാർ എന്നിങ്ങനെ പന്ത്രണ്ടു പേർ കുളത്തിൽ ഇറങ്ങി കുളിച്ച കേസിൽ പ്രതികളായി.

 

കണ്ഠമനഃശാല മഠത്തിലെ കുളിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായവർ  (Court of the sub Divisional Magistrate calicut Mis case No. 12/47 Order under section 122 cr. P.C. January 47)

 

ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അയിത്തം വെല്ലുവിളിക്കപ്പെട്ടപ്പോൾ ഇത് അംഗീകരിക്കാൻ അംശാധികാരി കുഞ്ഞിരാമൻ നമ്പ്യാരും മേമോൻ കുറ്റിപ്പുറത്ത് കുഞ്ഞിരാമൻ നായരും തയ്യാറായില്ല. അയിത്തം നിയമവിരുദ്ധമായ കാലമാണിത്. ക്ഷേത്രക്കുളം വൃത്തികേടാക്കി എന്ന വാദമാണ് മേനോൻ ഉയർത്തിയത്. ക്ഷേത്രക്കുളത്തിൽ ഞങ്ങൾ കുളിച്ചു; മേപ്പയ്യൂർ മേനോൻ ധിക്കാരം പറയുന്നു എന്ന  പ്രചരണ പ്രവർത്തനത്തിലൂടെ കർഷകസംഘം മേനോന്റെ കുത്സിത നീക്കത്തെ നേരിട്ടു.

 

330-ാം നമ്പർ റേഷൻഷാപ്പ് കത്തിയ സംഭവുമായി ബന്ധപ്പെട്ട കേസുകളും പോലീസ് നരനായാട്ടും മേപ്പയ്യൂരിന്റെ രാഷ്ട്രീയ പ്രസ്ഥാന ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്.

ചത്താലും ചെത്തും കൂത്താളി

 

കുറുമ്പ്രനാട് താലൂക്കിന്റെ സമരതീക്ഷ്ണമായ ഇന്നലെകളുടെ പ്രതീകമാണ് കൂത്താളി കർഷക സമരം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ സാമാന്യജനതയെ വീർപ്പുമുട്ടിക്കുന്ന കാലം, വറുതിയും, ദുരിതവും പകർച്ച വ്യാധികളും പടർന്നുപിടിക്കുന്ന കാലം;കോളറമൂലം മരണം പെരുകുന്ന കാലം - ദുരിതങ്ങൾക്കെതിരെ പടപ്പുറപ്പാടിന് കർഷകസംഘം ആഹ്വാനം ചെയ്തു.

മരുമക്കത്തായ പ്രകാരം അവകാശികളില്ലാത്തിനാൽ ഗവൺമെന്റിലേക്ക് നിക്ഷിപ്തമായ ഭൂമി പിടിച്ചെടുത്ത് കൃഷി  ചെയ്യാൻ കർഷകസംഘം തീരുമാനിച്ചു. താലൂക്കിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലുള്ള കൂത്താളിമൂപ്പിൽ നായരുടെ പതിനായിരക്കണക്കിന് ഏക്രഭൂമി കയ്യേറി കൃഷി ചെയ്ത ഉൽപ്പാദനം വർധിപ്പിക്കാനുള്ള പ്രതീകാത്മകമുറ  നാടെങ്ങും സമരോത്സുകമായ ഒരുണർവിന് പ്രേരകമായി.

ഉരിയരിപോലും കിട്ടാനില്ല

ഉയിരുകൊടുത്താലും

ഉദയാസ്തമയം പീടികമുന്നിൽ

കരഞ്ഞാലും

 

സമരസജ്ജമായ കണ്ഠങ്ങളിൽ നിന്നു കണ്ഠങ്ങളിലേക്ക് കാക്കി ട്രൗസർ ധരിച്ച സമരവളണ്ടിയർമാർ പലവഴിയിലൂടെ ഒറ്റതിരിഞ്ഞ് മുയിപ്പോത്ത് കേമ്പു ചെയ്താണ് കൂത്താളിയിലേക്ക് പുറപ്പെട്ടത്.

ചത്താലും ചെത്തും കൂത്താളി എസ്റ്റേറ്റ് എന്ന മുദ്രാവാക്യവുമായി 1947 ഏപ്രിൽ 12ന് സമരഭൂമിയിൽ കടന്ന 36 പേരിൽ ആറുപേർ മേപ്പയ്യൂരിൽ നിന്നായിരുന്നു. ക്യാപ്റ്റൻ കെ.സി. ചാത്തുവിന് പുറമെ സി.ക. അബദുള്ള കുട്ടിപറമ്പിൽ ഗോപാലൻ, കെ.സി. കണ്ണൻ, കെ.സി. കുഞ്ഞിരാമൻ, പുത്തൂപ്പട്ടയിൽ കുഞ്ഞിക്കണ്ണൻ എന്നിവരയിരുന്നു സമരഭൂമി യിൽ പ്രവേശിച്ചത്. സമരഭൂമിയിൽ വലിയ മരത്തിൽ പതാക കെട്ടി മരത്തിന്റെ കീഴ്ഭാഗം പകുതി മുറിച്ചുവെച്ച് പതാക നശിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിച്ച സമരസേനാനിയായിരുന്നു സി.കെ. അബ്ദുള്ള. ഈ സമരത്തിന് നേതൃത്വം കൊടുത്തു എന്ന കുറ്റത്തിനാണ് കെ. ചോയി ഗുണ്ടകളുടേയും പോലീസിന്റേയും മർദ്ദനത്തിൽ കൊല്ലപ്പെടുന്നത്.

കൂത്താളി സമരസേനാനികൾ പെൻഷൻ അനുവദിക്കപ്പെട്ടവർ

 

1. മലയിൽ രാമൻ മാസ്റ്റർ

2. ടി.സി. ചാത്തു

3. ഏരത്ത്കണ്ടി കണ്ണൻ

4. എളമ്പിലാശ്ശേരിപൊയിൽ നാരായണൻ

5. പോവതികണ്ടി കോരൻ

6. കോമത്ത്കണ്ടി ചെക്കോട്ടി

7. പി.ടി. ഗോപാലൻ നമ്പ്യാർ

8. ആച്ചിക്കുളങ്ങര ഉക്കാരൻ നമ്പ്യാർ

9. തേവർകുന്നോത്ത് കുഞ്ഞിരാമൻ

10. ടി.സി. ഗോപാലൻ

11. ടി.സി. കുഞ്ഞിരാമൻ

12. കെ.പി. ചെറിയോഞ്ഞൻ

13. കുണ്ടങ്ങാട്ട് അച്യുതൻ

14. വി.കെ. കുട്ടികൃഷ്ണൻ നമ്പ്യാർ

15. കോവുമ്മൽ നാരായണൻ നായർ

16. ഇ.സി. അപ്പുനമ്പ്യാർ

 

ഇ. രാമൻ മാസ്റ്റർ, ടി.സി ചാത്തു, തെക്കെ കൊപ്പാരത്ത് ഗോപാലൻ നായര്‍ നാഗത്തിങ്കൽ കുഞ്ഞിരാമൻ നായർ, വാകയാട്ടില്ലത്ത് ദാമോദരൻ എമ്പ്രാന്തിരി, കുഞ്ഞികൃഷ്ണൻ എമ്പ്രാ ന്തിരി, ടി.സി. അപ്പു, ഏരത്ത്കണ്ടി കണ്ണൻ, എളമ്പിലാശ്ശേരി പൊയിൽ നാരായണൻ (കുഞ്ഞിക്കണ്ടി), പോവതികണ്ടി കോരൻ, കോമത്തുകണ്ടിയിൽ ചെക്കോട്ടി, വള്ളുപറമ്പിൽ കോരൻ, കുണ്ടങ്ങാട്ട് ചന്തു ആശാരി, എ. കേളപ്പൻ നൊച്ചാട്, പി.ടി. ഗോപാലൻ നമ്പ്യാർ, പി.കെ. കൃഷ്ണൻ നായർ, പുഷ്പോത്ത് കൃഷ്ണൻ നമ്പീശൻ, ഈശ്വരൻ എമ്പ്രാന്തിരി, സി.കെ. അബ്ദുള്ള, കുട്ടിപറമ്പിൽ ഗോപാലൻ, കെ.സി. കണ്ണൻ, കെ.സി. കുഞ്ഞിരാമൻ, പുത്തൂപ്പട്ടയിൽ കുഞ്ഞിക്കണ്ണൻ, കെ. ചോയി, ഇ.എം. കണ്ണൻ നമ്പ്യാർ, കീഴനചാത്തു, കുയിമ്പിൽ കണ്ണൻ, രയരോത്ത് ഗോപാലൻ വൈദ്യർ, പുളിയുള്ളകണ്ടി നാരായണൻ കിടാവ്, വടേകൊടക്കാട്ട് ഗോവിന്ദൻ കിടാവ് ഇന്ത്യാഗവ. സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് താമ്രപത്രം നൽകി ആദരിച്ച സ്വാതന്ത്ര്യ സമരനായകരിൽ ഒരാളായ ശ്രീ.എം.കെ. കുഞ്ഞിരാമന്റെ ജന്മദേശവും ആദ്യകാല പ്രവർത്തനമേഖലയും വടകരയിലായിരുന്നുവെങ്കിലും 1997 ജൂലായ് മാസത്തിൽ നിര്യാതനാവുന്നതു വരെയുള്ള മൂന്ന് ദശകങ്ങളോളം അദ്ദേഹം താമസിച്ചിരുന്നത് ചങ്ങരംവെള്ളിയിലായിരുന്നു.

 

ഒരുമയുടെ സന്ദേശം

 

മാനവികതയുടെ ഉദാത്തഭാവം മനസ്സിന്റെ ഉള്ളറകളിൽ സൂക്ഷിക്കാൻ ഈ ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്. വ്യതിരിക്തതയുടെ വേലിക്കെട്ടുകൾ അശാന്തി സൃഷ്ടിക്കാൻ നമ്മുടെ മനസ്സ് അനുവദിച്ചിട്ടില്ല - നമ്മുടെ പൈതൃകം പകർന്നു നൽകിയ അനുഭവങ്ങൽ ചെറുത്തു നി ൽപ്പിന്റെ കനൽക്കട്ടകളിൽ നിന്നായിരുന്നു.

 

അയിത്തത്തിനും ജന്മിത്തത്തിനുമെതിരായ രൂക്ഷമായ സമരം ഐക്യപ്പെടലിന്റെ മഹാന്ദേശമായാണ് ഈ മണ്ണിൽ നിന്നയുർന്നത്. തൂലികയെ പടവാളാക്കിയ മഹാരഥന്മാരിവിടെ ഗ്രന്ഥശാലകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും അടിത്തറയിട്ടു.